മസ്കത്ത്: റഷ്യ-യുക്രൈയ്ൻ പ്രശ്നങ്ങൾ വഷളാകാതിരിക്കാൻ സംയമനം പാലിക്കണമെന്ന് ഒമൻ വിദേശകാര്യമന്ത്രി മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാനും എല്ലാ കക്ഷികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനിലെ ആണവ പ്രശ്‌നത്തിൽ ചർച്ചകൾ വിജയിപ്പിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങളെയും ഒമാൻ പിന്തുണക്കും. ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലും ഒമാൻ, റഷ്യ പൗരൻമാർക്ക് യാത്രക്ക് വിസ ഒഴിവാക്കുന്നതിനുള്ള കരാറിുലും ഉടൻ ഒപ്പുവെക്കുമെന്നും സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു.
ഒമാന്റെ സമാധാന ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. യുക്രൈനിലെ റഷ്യൻ ഇടപെടലുകൾ സംബന്ധിച്ചും ഒമാന്റെ ഭാഗം ഞങ്ങളെ അറിയിച്ചുവെന്നും വിഷയത്തിൽ സുൽത്താനേറ്റിന്റെ നിലപാട് സന്തുലിതമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സുൽത്താൻ ഹൈതം ബിൻ താരിഖുമായും സെർജി ലാവ്‌റോ കൂടിക്കാഴ്ച നടത്തി. അൽ ബറക കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ – യുക്രെയ്ൻ സംഘർഷത്തിന് സംഭാഷണത്തിലൂടെ നയതന്ത്ര, രാഷ്ട്രീയ പരിഹാരം കാണണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും മാനുഷിക വശങ്ങൾ കണക്കിലെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യക്ത ഊന്നിപ്പറഞ്ഞ സുൽത്താൻ രാജ്യങ്ങളുടെയും ജനങ്ങളുടെയും സഹവർത്തിത്വവും സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.