പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസില്‍ പ്രതിയായ ഫയർഫോഴ്സ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ ജിഷാദിനെയാണ് റീജണൽ ഫയർ ഓഫീസർ സസ്പെന്‍ഡ് ചെയ്തത്.
2017 ബാച്ചിൽ സർവീസിൽ കയറിയ ജിഷാദ് 2008 മുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. ജില്ലാ, സംസ്ഥാന നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് വധക്കേസിലെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ രണ്ട് കേസുകളിലും ഇയാളെ പ്രതിചേര്‍ത്തു.
സഞ്ജിത്ത് സഞ്ചരിക്കുന്ന വഴികൾ ശേഖരിച്ചത് ജിഷാദാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ജിഷാദിനെ തെളിവെടുപ്പിന് എത്തിച്ചു.
ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരു സംഘം കടയിൽ കയറി വെട്ടിക്കൊന്നത്. വിഷുദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ 21 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.