കൊച്ചി: സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ ഒരുങ്ങി.ചിത്രത്തിൻ്റെ പുതുമയുണർത്തുന്ന പോസ്റ്ററുകൾ മലയാളത്തിലെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആർ.സി.ഗ്രൂപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് ‘ബൈനറി’ സംവിധാനം ചെയ്തിരിക്കുന്നത്. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് അനേകായിരം കണ്ണുകൾ ചേർന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബർ വേൾഡ്. ആ വലയിൽ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീരുന്ന എത്രയോ മനുഷ്യർ നമ്മുക്ക് ചുറ്റുമുണ്ട്.
നിയമ സംവിധാനത്തിനോ, പോലീസിനോ ഒന്നും ഇതിൽ ചെയ്യാനാവുന്നില്ല. അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബർ യുഗത്തിൻ്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം.മലയാളത്തിലെ പ്രമുഖ താരങ്ങളായ ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വർഗ്ഗീസ്, അനീഷ് രവി.നിർമ്മൽ പാലാഴി, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബൈനറിയുടെ ടീസർ അടുത്ത ആഴ്ച പ്രേക്ഷകരിലെത്തും.