ദുബൈ: തിങ്കളാഴ്ച ആരംഭിച്ച പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശനമായ അറേബ്യൻ ട്രാവൽ മാർക്കറ്റിൻറെ രണ്ടാംദിനവും സന്ദർശകരുടെ ഒഴുക്ക്. ടൂറിസം രംഗത്തെ സാധ്യതകൾ പ്രദർശിപ്പിക്കുന്ന 112 രാജ്യങ്ങളുടെ പവിലിയനുകൾ കാണാനായി യാത്രാമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ എത്തിച്ചേർന്നു. ചൊവ്വാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പ്രദർശനം കാണാനെത്തി. യു.എ.ഇയിലെ വിവിധ എമിറേറ്റുകളുടെ പ്രത്യേകം പ്രത്യേകമായുള്ള പ്രദർശനങ്ങളും സൗദി, ഖത്തർ, മാലദ്വീപ്, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പവിലിയനുകളും ശ്രദ്ധിക്കപ്പെട്ടു.
സൗദി പവിലിയനിൽ രാജ്യത്തെ വിവിധങ്ങളായ വിനോദസഞ്ചാര മേഖലകളെ വിപുലമായ രീതിയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഖത്തർ പവിലിയൻ ഫുട്ബാൾ ലോകകപ്പുമായി ബന്ധപ്പെട്ട സാധ്യതകൾ ആഗോള സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കാനാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്. ഇന്ത്യൻ പവിലിയനിൽ വ്യത്യസ്ത സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുടെയും ട്രാവൽ രംഗത്തെ കമ്പനികളുടെയും സ്റ്റാളുകളുണ്ട്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ സ്വന്തമായ പവിലിയനുകൾ സജ്ജീകരിച്ചിട്ടുണ്ട്.