മലപ്പുറം: പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. 2020-ൽ നടന്ന സംഭവത്തിൽ മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിനെയാണ് പിടികൂടിയത്.
മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്. മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ഒന്നര വർഷത്തോളം ഷാബാ ഷെരീഫിനെ തടവിൽവച്ച് ക്രൂരമായി മർദ്ദിച്ചിരുന്നു. പിന്നീട് ഇയാൾ മരിച്ചതോടെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കണ്ടെത്തൽ.
ഇപ്പോഴാണ് പ്രതി പിടിയിലായത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.