തിരുവനന്തപുരം:തലസ്ഥാനത്ത് കാരക്കോണത്ത് 800 കിലോ അഴുകിയ മത്സ്യം പിടികൂടി. ഒരു മാസം പഴക്കമുള്ള മത്സ്യമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാൽ പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്.
അതേസമയം മത്സ്യത്തിൽ രാസവസ്തുക്കൾ ചേർത്തിരുന്നതായും സംശയമുണ്ട്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥർ പിടികൂടി മണ്ണിട്ടു മൂടി നശിപ്പിച്ചു. ഇവിടെ റോഡരികിലെ മത്സ്യവിൽപ്പനയ്ക്ക് അനുമതി നൽകരുതെന്ന് പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന രണ്ടു ഹോട്ടലുകൾ അടപ്പിച്ചു. പഴകിയ പൊറോട്ടയും ഈച്ചകൾ പൊതിഞ്ഞിരിക്കുന്ന പാകം ചെയ്ത ഇറച്ചിയും പഴകിയ ചപ്പാത്തിയും, ഇറച്ചി ഫ്രൈയും, പഴകിയ മാംസവും കണ്ടെത്തി പിടിച്ചെടുത്തു. ദുർഗന്ധം വമിക്കുന്ന ഫ്രീസറിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ അധികവും സൂക്ഷിച്ചിരുന്നത്.
ഓമശ്ശേരി കടുംബാരോഗ്യ കേന്ദ്രവും ഓമശ്ശേരി ഗ്രാമപഞ്ചായത്തും നടത്തിയ റെയ്ഡിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയ രണ്ട് ഹോട്ടലുകൾ അടപ്പിച്ചത്. ഓമശ്ശേരി ടൗണിലെ രണ്ട് ഹോട്ടലും ഗ്രാമ പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലുമാണ് പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചായത്തിലെ 32 സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്.