പാലക്കാട്: അകത്തേത്തറ നടക്കാവിൽ ട്രെയിനിനു നേരേ കല്ലെറിഞ്ഞ കേസിൽ ബിഹാർ നളന്ദ സ്വദേശി പിടിയിൽ. വർഷങ്ങളായി ഒലവക്കോട് വാടകവീട്ടിൽ താമസിക്കുന്ന മുഹമ്മദ് ജാക്കിറിനെയാണ് (26) റെയിൽവേ സംരക്ഷണസേന അറസ്റ്റ് ചെയ്തത്. കല്ലേറിൽ പാലക്കാട് സ്വദേശി രാമന് (66) നിസാര പരിക്കേറ്റു.
വണ്ടിയുടെ ജനൽച്ചില്ലുകൾ തകർന്നു. ഞായറാഴ്ച രാത്രി 10.50നാണ് ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു സംഭവം. കല്ലേറിൽ തകർന്ന് സ്ലീപ്പർ-4 കോച്ചിൻറെ ജനൽച്ചില്ലുകൾ രാമൻറെ മുഖത്ത് വീണാണ് പരിക്കേറ്റത്.
യാത്രക്കാർ റെയിൽവേ സംരക്ഷണ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മുഹമ്മദ് ജാക്കിറിനെ കരിങ്കൽ കഷണവുമായി നടക്കാവ് റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു. ഈ സമയം കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലെറിയാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് റെയിൽവേ സംരക്ഷണസേന ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. ഇതിനു മുമ്പ് സമാനമായ രീതിയിൽ ഇയാൾ ട്രെയിനുകൾക്കു നേരെ കല്ലെറിഞ്ഞിട്ടുണ്ടെന്നും നാശനഷ്ടമുണ്ടാകാഞ്ഞതിനാലാണു പിടിക്കപ്പെടാതെ പോയതെന്നും ആർ.പി.എഫ് അധികൃതർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.