ലഖ്നോ: വിവാഹത്തിന് ക്ഷണിക്കാൻ പോയ 18കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലാണ് സംഭവം. പ്രതികൾ 18കാരിയെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയെന്നും തുടർന്ന് മധ്യപ്രദേശിലെ ദാതിയ ജില്ലയിലുള്ള ആളോടൊപ്പം താമസിക്കാൻ നിർബന്ധിച്ചുവെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ഏപ്രിൽ 18ന് ഗ്രാമത്തിലെ മൂന്ന് ആൺകുട്ടികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. നേതാവിന് കൈമാറുന്നതിന് മുമ്പ് പെൺകുട്ടിയെ പല സ്ഥലങ്ങളിലേക്ക് മാറ്റുകയും തുടർന്ന് ഝാൻസിയിൽ എത്തിക്കുകയുമായിരുന്നു.
പ്രതികൾ പെൺകുട്ടിയെ അവൾക്കിഷ്ടമില്ലാത്ത ആളോടൊപ്പം കഴിയാൻ മധ്യപ്രദേശിലെ ദാതിയയിലെ ഗ്രാമത്തിലേക്ക് ബലമായി കൊണ്ടു പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദാതിയയിൽവെച്ച് പെൺകുട്ടി പിതാവിനെ ബന്ധപ്പെടുകയും തുടർന്ന് പൊലീസ് സഹായത്തോടെ പതാരി ഗ്രാമത്തിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും തെഹ്‌റോളി സർക്കിൾ ഓഫീസർ അനൂജ് സിങ് അറിയിച്ചു.