തിരുവനന്തപുരം: മണ്ണിനെയും മണ്ണിനെ തൊട്ടുനിൽക്കുന്ന മരങ്ങളോടും ചെടികളോടും കിന്നാരം പറഞ്ഞും അടുത്തറിഞ്ഞും “വിജ്ഞാനവേനല്‍ ‘ കുട്ടിക്കൂട്ടം. വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന അവധിക്കാല ക്യാമ്പായ “വിജ്ഞാനവേനല്‍ ‘ കുട്ടിക്കൂട്ടായ്മയിലാണ് ട്രീ വാക്ക് പ്രവർത്തക വീണ മരുതൂറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി അവബോധം നടന്നത്. രാവിലെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ പരിസരത്തെ മരങ്ങളെയും ചെടികളെയും കണ്ടു നടന്നു കുറിപ്പുകൾ തയാറാക്കി. ഓരോ മരത്തിന്റെയും പേരും ശാസ്ത്രീയ നാമവും നാടൻ വിളിപ്പേരും പ്രയോജനവും ഉൾപ്പെടെയുള്ള കുറിപ്പാണ് തയാറാക്കിയത്. പിന്നീട് അവ കൂട്ടമായി ചേർന്നു ചർച്ച ചെയ്തു.
തുടർന്നു നടന്ന “വരവേഗവിസ്മയം ‘ എന്ന വിഷയത്തിൽ അതിവേഗ ചിത്രകാരൻ ജിതേഷ്ജി ക്ലാസെടുത്തു. ഇരും കൈകളും കൊണ്ട് ഒരുമിച്ച് വളരെ വേഗം ചിത്രം വരയ്ക്കുന്നതും കാർട്ടൂണുകളും കാരിക്കേച്ചറുകളും എങ്ങനെ പെട്ടെന്നു വരയ്ക്കാമെന്നുമുള്ള ക്ലാസ് കുട്ടികൾക്കു പുതിയലോകം തുറന്നു നൽകി. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്‍മാനും ഗ്രാന്‍ഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപ് മോഡറേറ്ററായിരുന്നു. വൈകിട്ട് 5.30 ന് സൗമ്യ സുകുമാരന്റെ മോഹിനിയാട്ടം അരങ്ങേറി.
വൈലോപ്പിള്ളി ശ്രീധരമേനോന് ജന്മദിനാചരണത്തിന്റെ ഭാഗമായി സമാപന ദിവസമായ ഇന്ന് (മെയ് 11) കുട്ടികള്‍ക്കായി വൈലോപ്പിള്ളി കവിതാലാപന മത്സരം സംഘടിപ്പിക്കും. വിജ്ഞാനവേനലില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒരുക്കിയ ചിത്രങ്ങളുടെയും കരകൗശല വവസ്തുക്കളുടെയും പ്രദര്‍ശനം ദി ഗാലറി എന്ന പേരില്‍ രാവിലെ 10 ന് സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് വിജ്ഞാനവേനലിലെ കുട്ടികള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് “ശലഭച്ചിറകുകള്‍’ അരങ്ങേറും. വൈകിട്ട് 5.30 ന് നടക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോന് ജന്മദിനാചരണവും കവിതാലാപന വിജയികകള്‍ക്ക് സമ്മാവിതരണവും മലയാളമിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കട നിർവഹിക്കും. വൈലോപ്പിള്ളി അനുസ്മരണ പ്രഭാഷണം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറകട്ര് ഡോ പി.എസ്. ശ്രീകല നിർവഹിക്കും. പുരാരേഖ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ , സംസ്കൃതിഭവൻ പ്രോഗ്രാം അസിസ്റ്റന്റ് ആനി ജോൺസൺ എന്നിവർ സംസാരിക്കും.

















