തൃത്താല: പട്ടാമ്പിയിൽ പൊലീസ് ചമഞ്ഞു ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 3 പ്രതികൾ പിടിയിൽ. അഞ്ചു പേർക്കെതിരെയാണു യുവതി പരാതി നൽകിയിരിക്കുന്നത്. 2 പേർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
പട്ടാമ്പി വല്ലപ്പുഴ പുതുവീട്ടിൽ അബ്ദുൽ വഹാബ് (31), എറണാകുളം ഫോർട്ട് കൊച്ചി മട്ടാഞ്ചേരി കൊല്ലത്ത് വീട്ടിൽ സഞ്ജു കെ.സമദ് (34), തൃശൂർ പാഞ്ഞാൾ പാറപ്പുറം പൈവളപ്പിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (27) എന്നിവരെ തൃത്താല പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിൽ പോയ മറ്റു രണ്ടു പ്രതികൾക്കായി ഷൊർണൂർ ഡിവൈഎസ്പി വി.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടരുകയാണ്. ഇവർ കൊപ്പം, വല്ലപ്പുഴ സ്വദേശികളാണെന്നു പൊലീസ് പറഞ്ഞു.
പട്ടാമ്പി–ഗുരുവായൂർ റോഡിൽ പാലത്തിനു സമീപത്തെ ലോഡ്ജിൽ മേയ് രണ്ടു മുതൽ ആൺ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു കൊല്ലങ്കോട് സ്വദേശിയായ യുവതി. ഇതിനിടെ തൊട്ടടുത്ത റൂമിൽ താമസിക്കാനെത്തിയ പ്രതികൾ പൊലീസ് ചമഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണു പരാതി.
പൊലീസ് ചമഞ്ഞു പണം തട്ടാൻ ശ്രമം, പീഡന ശ്രമം, തട്ടിക്കൊണ്ടു പോകാൻ ശ്രമം എന്നീ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.