ജിദ്ദ: പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി ജയിൽ മോചിതരാക്കുന്നതിനുള്ള നടപടികൾ സൗദി ജയിൽ ഡയറക്ടറേറ്റ് ആരംഭിച്ചു. സൽമാൻ രാജാവിൻറെ ഉത്തരവിനെ തുടർന്ന് പൊതുമാപ്പിന് അർഹരായ പുരുഷന്മാരും സ്ത്രീകളുമായ തടവുകാരെ കണ്ടെത്തി എത്രയും വേഗം ജയിൽ മോചിതരാക്കി അവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളാണ് ജയിൽ ഡയറക്ടറേറ്റ് ആരംഭിച്ചിരിക്കുന്നത്.
രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നിർദേശം നൽകിയതായി ജയിൽ ഡയറക്ടർ ജനറൽ ഇൻചാർജ് പറഞ്ഞു. സൽമാൻ രാജാവിൽനിന്നുള്ള മാനുഷികമായ കാരുണ്യമാണിത്. ജയിൽ മോചിതരായി കുടുംബങ്ങളുമായി ചേരുമ്പോൾ പൊതുമാപ്പ് ഗുണഭോക്താക്കളുടെ മനസ്സിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും ജയിൽ ഡയറക്ടർ ജനറൽ ഇൻചാർജ് പറഞ്ഞു.