തൃശൂർ: തൃശൂര്‍ പൂരം വീക്ഷിക്കുന്നതിന് സുരക്ഷിതമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിലേക്ക് കുടമാറ്റം, വെടിക്കെട്ട് എന്നിവ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനം.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. പൂരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കുടമാറ്റവും വെടിക്കെട്ടും നടക്കുന്നതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് തന്നെ കെട്ടിടങ്ങളില്‍ പ്രവേശിക്കണം. അതിനു ശേഷം ആരെയും കെട്ടിടങ്ങളിലേക്ക് കടത്തിവിടില്ല. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബലക്ഷയം കണ്ടെത്തിയ റൗണ്ടിലെ 144 കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കില്ല.
നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് പരമാവധി ആളുകള്‍ക്ക് വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കുമെന്നും പൊലീസും ദേവസ്വം അധികൃതരും വെടിക്കെട്ട് നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുശാസിക്കുന്ന രീതിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് യോഗത്തിനു ശേഷം മന്ത്രിമാര്‍ അറിയിച്ചു.
തൃശൂര്‍ പൂരം ഭംഗിയായി നടത്തുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും പൊലീസും വിവിധ വകുപ്പുകളും ഒറ്റ ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഏറ്റവും മനോഹരമായി പൂരം നടത്തുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന പൂരമെന്ന നിലയില്‍ ജനങ്ങള്‍ കൂടുതലായി എത്തും എന്നതിനാല്‍ ആളുകള്‍ സ്വയം നിയന്ത്രണം പാലിക്കണം. കോവിഡ് പൂര്‍ണമായും വിട്ട് മാറാത്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ മുന്‍കരുതലുകളും സ്വീകരിക്കണം. പൂരത്തിന് സുരക്ഷ ഒരുക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘങ്ങളെ യൂനിഫോമിലും അല്ലാതെയുമായി പലയിടത്തും വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി രാജന്‍ അറിയിച്ചു.
യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എം പി, പി ബാലചന്ദ്രന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി വിജയന്‍, മറ്റ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.