തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി മുഴക്കി ഫോൺ ചെയ്ത മാറനല്ലൂർ സ്വദേശി ബിബിൻരാജ് മനോരോഗിയെന്ന് പോലീസ്. ഇയാൾ മുൻപും പലതവണ വ്യാജസന്ദേശം അയച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
ഞായറാഴ്ച രാത്രി പത്തിനാണ് സെക്രട്ടേറിയറ്റിൽ ബോംബ് വച്ചതായി പോലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശമെത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെ സെക്രട്ടേറിയറ്റ് പരിസരത്തും വാഹനങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഫോൺ ചെയ്തയാളെ കണ്ടെത്തിയത്. വാട്സ്ആപ്പിൽ വന്ന സന്ദേശം പോലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിബിൻരാജ് നൽകിയ മൊഴി.