കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ തെരുവ് യുദ്ധം. ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. 150 ലേറെ പേർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് വരുന്ന വിവരം.
രജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. പ്രതിഷേധക്കാർ പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയിൽ നിന്നുള്ള വിവരം.
രാജ്യമാകെ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു.
പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റെയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മുൻ മന്ത്രി നിമൽ ലൻസയുടെ വീടിനും തീയിട്ടിട്ടുണ്ട്. മറ്റൊരു എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.
ഹമ്പൻതോട്ടയിലെ ഡിആർ രജപക്സെ സ്മാരകം തകർത്തു. രജപക്സെ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച കൊളംബോയിലെ മൊറതുവാ മേയർ ലാൽ ഫെർണാണ്ടോയുടെ വീടിനും തീയിട്ടു. രജപക്സെ അനുയായി ജോൺസൺ ഫെർണാണ്ടോയുടെ വീടിനും തീയിട്ടു. ഇവിടെ 12 ലേറെ വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു. ഭരണകക്ഷിയിൽ പെട്ട മറ്റൊരു എംപി സനത് നിശാന്തയുടെ വീടിന് നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. പിന്നാലെ വീട് തീവെച്ച് നശിപ്പിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചിരുന്നു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി.