ന്യൂഡൽഹി: ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന ഇൻഡിഗോ വിമാനത്തിന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് സിഇഒ റോണോജോയ് ദത്ത. കുട്ടിക്കായി ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
റാഞ്ചി വിമാനത്താവളത്തിലായിരുന്നു സംഭവം. ഇൻഡിഗോ വിമാനത്തിന്റെ പ്രതിനിധിയാണ് കുട്ടിയെ കയറ്റില്ലെന്ന് മാതാപിതാക്കളെ അറിയിച്ചത്. കുടുംബവും മറ്റു യാത്രക്കാരും എതിർത്തപ്പോൾ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.
മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് ഉയര്‍ന്ന പരാതി. എന്നാല്‍ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയിരുന്നു. കുട്ടി ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്പനി വിശദീകരിക്കുന്നു.
സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇന്‍ഡിഗോ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
അതേസമയം, വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ജീവനക്കാരിൽനിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ല. വ്യക്തിപരമായിത്തന്നെ വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.