സമസ്ത മദ്രസ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിയെ അപമാനിച്ച് ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുള്ള മുസ്‌ലിയാര്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പൊതുവേദിയില്‍ ഇ.കെ. വിഭാഗം നേതാവായ അബ്ദുള്ള മുസ്‌ലിയാർ അപമാനിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്.
ഒരു മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ വെച്ച് പൊതുപരീക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ ചൊടിപ്പിച്ചത്.
‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്.’ അബ്ദുള്ള മുസ്‌ലിയാര്‍ പരസ്യമായി മൈക്കിലൂടെ പറയുന്നു.
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. വിഷയത്തിൽ അബ്ബാസലി തങ്ങൾ പ്രതികരണം നടത്തിയതായി അറിവില്ല.
സംഭവത്തിൽ വലിയ വിമർശനമാണ് അബ്ദുള്ള മുസ്‌ലിയാർക്കെതിരെ സാമൂഹ്യമാധ്യത്തിൽ ഉയരുന്നത്. ഒരു പെൺകുട്ടി സ്റ്റേജിൽ കയറിയാൽ എന്താണ് പ്രശ്നമെന്നും ഒരു കുട്ടിയെ അംഗീകരിക്കാനുള്ള മനസ് പോലും ഇത്തരക്കാർക്ക് ഇല്ലെന്നും ചിലർ വിമർശിക്കുന്നു.