കൊച്ചി: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തരംപോലെ വര്‍ഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സി പി എമ്മിനുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി.
ഇത്തരം തന്ത്രങ്ങള്‍ ഗുരുവായൂരും തിരൂരങ്ങാടിയിലും ഉള്‍പ്പെടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും അവര്‍ പയറ്റിയിട്ടുണ്ട്. അത്തരം ചൂണ്ടയില്‍ പ്രവര്‍ത്തകര്‍ ആരും കൊത്താതിരിക്കാനുള്ള ജാഗ്രത പാലിക്കണം. തിരഞ്ഞെടുപ്പിന് ശേഷവും കേരളം കേരളമായ് നില്‍ക്കണം, ഉമ്മൻചാണ്ടി പറയുന്നു.
ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൃക്കാക്കരയില്‍ യു ഡി എഫ് ബഹുദൂരം മുന്നിലാണ്. എതിരാളികള്‍ പോലും അംഗീകരിക്കുന്ന പി ടി തോമസ് എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന് തൃക്കാക്കരക്കാര്‍ നല്‍കുന്ന ആദരം കൂടിയാവും ഈ തിരഞ്ഞെടുപ്പ്. ഉമാ തോമസിനെ മുന്നില്‍ നിര്‍ത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാന്‍ കൂടിയാണ്. കാരണം, രാഷ്ട്രീയമായി യുഡിഎഫിന്റെ അടിത്തറ ശക്തമായ തൃക്കാക്കരയില്‍ കൂടുതല്‍ വോട്ടു സമാഹരിക്കാന്‍ ഉമയ്ക്ക് സാധിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹത്തില്‍ വീര്‍പ്പ്മുട്ടുന്ന ജനതയ്ക്ക് മുന്നില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി തന്നെയാണ് യു ഡി എഫ് വോട്ടു ചോദിക്കുന്നത്.
കെ-റെയിലിന്റെ പേരില്‍ പരിസ്ഥിതിയെയും ജനതയെയും ദ്രോഹിക്കുന്നതിനെതിരെ, കൊച്ചി മെട്രോ തൃക്കാക്കര വരെ നീട്ടുമെന്ന വാഗ്ദാനം പാഴാക്കിയതിനെതിരെ, നിഷ്‌ക്രിയമായ സംസ്ഥാന ഭരണത്തിനെതിരെ, സ്വജനപക്ഷപാതിത്വത്തിനെതിരെ, തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങളെ മറന്ന ഭരണാധികാരികള്‍ക്കെതിരെ കേരളീയ പൊതുസമൂഹത്തിന് പ്രതികരിക്കാനുള്ള അവസരമാണ് തൃക്കാക്കരയില്‍ ഒരുങ്ങുന്നത്.
ഒന്നായി ജീവിക്കുന്ന, ഒരുമയോടെ കഴിയുന്ന നമ്മുടെ ഇടയില്‍ മതവൈര്യം വളര്‍ത്താനും വര്‍ഗീയത കുത്തിവെച്ച് സമൂഹമനസ്സിനെ വിഷമയമാക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനും ചില സംഘടനകള്‍ ശ്രമിക്കുകയാണ്. നമ്മുടെ സമൂഹത്തെ വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ തൃക്കാക്കരയില്‍ സാധിക്കണം.
ഉമാ തോമസിനുവേണ്ടി ഞങ്ങളെല്ലാം തൃക്കാക്കരയില്‍ മുന്നോട്ടുവെക്കുന്നതും രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാവും.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ വേണ്ടി തരംപോലെ വര്‍ഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഗുരുവായൂരും തിരൂരങ്ങാടിയിലും ഉള്‍പ്പെടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഇത്തരം തന്ത്രങ്ങള്‍ അവര്‍ പയറ്റിയിട്ടുണ്ട്. അത്തരം ചൂണ്ടയില്‍ പ്രവര്‍ത്തകര്‍ ആരും കൊത്താതിരിക്കാനുള്ള ജാഗ്രത പാലിക്കണം. കാരണം, തിരഞ്ഞെടുപ്പിന് ശേഷവും കേരളം കേരളമായ് നില്‍ക്കണം.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായ് ബന്ധപ്പെട്ട് സി പി എമ്മിലുയര്‍ന്ന വിവാദങ്ങള്‍ അവരെ പരിഭ്രാന്തരാക്കിയിരിക്കയാണ്. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
വിവാദങ്ങളില്‍ ഭാഗമാകാതെ, യുഡിഎഫ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രചാരണം നടത്തി, മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ തൃക്കാക്കര നിലനിര്‍ത്തും. നാളെ മുതല്‍ തൃക്കാക്കരയില്‍ യു ഡി എഫിനുവേണ്ടി ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവും..