കുമ്പള: ഭാര്യയെ തന്റെ സുഹൃത്ത് സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്. ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ യുവാവാണ് അതേ കേസിലെ കൂട്ടുപ്രതിക്കെതിരെ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപണമുന്നയിച്ചത്.
കൊലപാതകക്കേസിൽ നാലു മാസത്തെ ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രണ്ടു വർഷമായി ഭാര്യ ഇയാളുമായി അകന്നാണ് കഴിയുന്നത്. ഈയിടെയായാണ് ഭാര്യയെ സുഹൃത്ത് സെക്സ് റാക്കറ്റിൽപെടുത്തിയെന്ന വിവരമറിയുന്നതെന്ന് ഇയാൾ പറയുന്നു. ഭാര്യയെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ഇയാൾ ആരോപിക്കുന്നു. ഇവർക്ക് ഏഴും അഞ്ചും വയസുള്ള രണ്ടു പെൺമക്കളുണ്ടത്രെ. അവരെവിടെയാണെന്ന് അറിയില്ലെന്നും യുവാവ് പറഞ്ഞു.
അതേസമയം, ഇയാൾക്കെതിരെ ഭാര്യ നേരത്തെ കുമ്പള പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഭർത്താവ് സുഹൃത്തുക്കളുമായി അവിഹിതത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു ഇവരുടെ പരാതി. ഈ പരാതി നൽകി തിരിച്ചുവരുന്നതിനിടെയാണ് വഴിയിൽ തടഞ്ഞുനിർത്തി ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ ഭർത്താവും സുഹൃത്തുക്കളും കുത്തിക്കൊലപ്പെടുത്തിയത്.