കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആം ആദ്മി പാർട്ടി. എ.എ.പി. കേരളാഘടകം കണ്‍വീനര്‍ പി.സി. സിറിയക്കാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പാര്‍ട്ടിക്ക് ഒരു പ്രഖ്യാപിത നയമുണ്ടെന്നും സിറിയക് പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പൊതുവേ ഉപതിരഞ്ഞെടുപ്പില്‍ എ.എ.പി. മത്സരിക്കാറില്ല എന്നതാണ് അത്. കാരണം ഉപതിരഞ്ഞെടുപ്പില്‍ ഒന്നോ രണ്ടോ സീറ്റ് ലഭിച്ചിട്ട് അവിടുത്തെ ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. അതേസമയം പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിച്ച് വിജയിച്ച് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം നിറവേറ്റണം, അതാണ് എ.എ.പിയുടെ ലക്ഷ്യം- സിറിയക് പറഞ്ഞു.
അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും മത്സരിക്കും. അണികൾ ആർക്ക് വോട്ട് ചെയ്യണം എന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നേതാക്കൾ പറഞ്ഞു.