നടൻ ശ്രീനാഥ് ഭാസിയെ പ്രധാന വേഷത്തിൽ എത്തിച്ച് നവാഗതനായ അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വളരെ ടഫ് ലുക്കിൽ എത്തുന്ന ശ്രീനാഥ് ഭാസിയെയാണ് പോസ്റ്ററിൽ കാണുന്നത്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അഭിലാഷ് എസ് കുമാർ.
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് വ്യത്യസ്തമായ രീതിയിലൂടെയാണ് അണിയറ പ്രവർത്തകർ ചെയ്തത്. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം പ്രേക്ഷകര്‍ അറിഞ്ഞത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു മെസ്സേജ് അയക്കുന്നവർക്ക് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാൻ പറ്റുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് ഒരുക്കിയിരുന്നത്.