മസ്കത്ത്: ഒമ്പതു ദിവസത്തെ പെരുന്നാൾ അവധിക്ക് ശേഷം ജനജീവിതം സാധാരണ ഗതിയിലേക്ക് നീങ്ങുന്നു. സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയായതിനാൽ ഒമാൻ നിശ്ചലമായിരുന്നു.
നീണ്ട ദിവസങ്ങൾക്കുശേഷം തുറക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടും. വിസ, റസിഡൻറ് കാർഡ് നടപടി ക്രമങ്ങൾ, മറ്റ് മുനിസിപ്പാലിറ്റി സേവനങ്ങൾ അടക്കം എല്ലാ മേഖലയിലും കൂടുതൽ ആളുകൾ എത്തുന്നതിനാൽ സേവനങ്ങൾക്ക് കാലതാമസം എടുക്കും.
സർക്കാർ സേവനങ്ങളുടെ ഏജൻസിയായ സനദ് ഓഫിസുകളിലും നല്ല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അവധി ആഘോഷിക്കാൻ നാട്ടിൽ പോയവർ ശനിയാഴ്ച മുതൽതന്നെ തിരിച്ചെത്തിയിരുന്നു. പെരുന്നാൾ അവധിക്കൊപ്പം അഞ്ചു ദിവസംകൂടി അധിക അവധിയെടുത്ത് അടുത്ത ആഴ്ച തിരിച്ചുവരുന്നവരും നിരവധിയാണ്. അവധി ആഘോഷിക്കാൻ തുർക്കി, തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ പോയവരും തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. യു.എ.ഇയിൽ സന്ദർശനത്തിന് പോയവർ തിരിച്ചുവരാൻ തുടങ്ങിയതോടെ അതിർത്തി ചെക്ക്പോസ്റ്റിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. യു.എ.ഇയിൽനിന്ന് ബസുകളിലും സ്വന്തം വാഹനങ്ങളിലുമായി നിരവധി പേർ ഒമാനിൽ എത്തിയിരുന്നു. ഇവരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്. അവധി അവസാനിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളൊഴിഞ്ഞു. റൂവി മുവാസലാത്ത് ബസ് സ്റ്റേഷനിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ തിരക്ക് ശനിയാഴ്ച അനുഭവപ്പെട്ടില്ല. രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾ കൂട്ടമായായിരുന്നു എത്തിയിരുന്നത്.