കോഴിക്കോട്: ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വീണ്ടും ഖബറടക്കി. സബ് കളക്ടര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
തുടര്‍ന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം വീണ്ടും പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് റിഫയുടെ കുടുംബം പ്രതികരിച്ചു. മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് ഒട്ടേറെനാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
റിഫയുടെ മുഴുവൻ വസ്ത്രങ്ങളും ഫോണും മെഹ്നാസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. റിഫയുടെ മരണശേഷം കുഞ്ഞിനെക്കുറിച്ച് മെഹ്നാസ് അന്വേഷിച്ചിട്ടേയില്ല. വനിതാ കമ്മിഷന്റെ നിർദേശത്തെ തുടർന്ന് പൊലീസ് മികച്ച അന്വേഷണമാണ് നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. പൊലീസ് ദുബായിൽ പോയി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
റിഫ മെഹ്നുവും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ദുബായില്‍ വച്ച് റിഫയും മെഹ്നാസും വഴക്കിടുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. റിഫ ജോലി ചെയ്യുന്ന കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മെഹ്നാസുമായി സംസാരിച്ച ശേഷം റിഫ കരഞ്ഞ് കടയിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇരുവരും തമ്മില്‍ പരസ്യമായി വാക്കുതര്‍ക്കമുണ്ടായതായി പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
മാര്‍ച്ച് ഒന്നാം തീയതിയാണ് വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തില്‍ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.