തിരുവനന്തപുരം: വർണബലൂണുകൾ വാനിലേക്ക് പറത്തി അവർ അറിവിന്റെ വേനൽച്ചൂടിലേക്ക് നടന്നടുത്തു. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ ഇന്നലെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് ‘വിജ്ഞാനവേനൽ ‘ അവധിക്കാല ക്യാമ്പിന് ബലൂണുകൾ പറത്തി തുടക്കം കുറിച്ചത്. ബാലാവകാശ കമ്മീഷന് ചെയര്മാന് കെ.വി.മനോജ് കുമാര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്‍മാനും ക്യാമ്പ് ഡയറക്ടറുമായ ജി.എസ്. പ്രദീപ്, ക്യാമ്പ് കോ ഓര്‍ഡനേറ്റര്‍ ബ്രഹ്മനായകം മഹാദേവൻ, സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ്. പ്രിയദർശനൻ എന്നിവർ കുട്ടികളോടൊപ്പം ബലൂൺ പറത്തി സന്തോഷം പങ്കിട്ടു.
കുട്ടികൾ എപ്പോഴും ആഹ്ലാദഭരിതരായിരിക്കുമ്പോഴാണു നന്മയുള്ള സമൂഹം രൂപപ്പെടുന്നതെന്നു ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടു ബാലാവകാശ കമ്മീഷന് ചെയര്മാന് കെ.വി.മനോജ് കുമാര്‍ പറഞ്ഞു. വരും തലമുറ നന്മയുള്ള കേരളം രൂപപ്പെടുത്തും. വിജ്ഞാനത്തിലൂടെ മാത്രമേ നല്ലതിനെക്കുറിച്ചു ചിന്തിക്കാൻ പറ്റൂ.
സൂര്യവെളിച്ചം പോലെ അനർഗളമായി പ്രവഹിക്കുന്ന സ്നേഹത്തിന്റെയും നന്മയുടെയും നിറകുടമായി കുട്ടികൾക്കു മാറാൻ കഴിയണം. അതിനു രക്ഷിതാക്കൾ പ്രചോദനമാകണം. മനസു തുറന്നു ചിരിക്കാൻ കഴിയണമെന്നും അദ്ദേഹം. വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്‍മാനും ക്യാമ്പ് ഡയറക്ടറുമായ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ ഓര്‍ഡനേറ്റര്‍ ബ്രഹ്മനായകം മഹാദേവൻ സ്വാഗതം പറഞ്ഞു.
വിജയകല എന്ന വിഷയത്തിൽ ജി.എസ്. പ്രദീപ് കുട്ടികളോട് സംവദിച്ചു. മഹാൻമാരുടെ ജീവചരിത്രങ്ങളിലൂടെ അവരുടെ ജീവിത വിജയത്തിന്റെ കഥകൾ കുട്ടികളോട് പങ്കുവച്ചു. തുടർന്നു പാട്ടും കളികളും കഥകളുമായി കുട്ടിക്കൂട്ടം അറിവിന്റെ കുടക്കീഴിൽ ഒന്നിച്ചു.
വൈകിട്ട് അബ്രദിത ബാനർജി രബീന്ദ്രനാഥ ടാഗോറിനെ അനുസ്മരിച്ച് രാഗമാലിക അവതരിപ്പിച്ചു. തുടർന്നു ഡോ.എം.ജി. ശശിഭൂഷണൻ രബീന്ദ്രനാഥ ടാഗോർ അനുസ്മരണം നടത്തി.
ഇന്നു രാവിലെ 10 ന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ പള്ളിയറ ശ്രീധരൻ, നാൽടെർ ഡയറക്റ്റർ സുജിത് എഡ്വിൻ പെരേര , കവി ഗിരീഷ് പുലിയൂർ, ഭാരത് ഭവൻ മെന്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിക്കും. വൈകിട്ട് 5.30 ന് മൈമേഴ്സ് ട്രിവാന്‍ഡ്രത്തിന്റെ മാന്‍ വിത്തൗട്ട് വുമണ്‍ എന്ന മൂകനാടകവും നടക്കും.