കാബുൾ: അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാൻ. മുഖം മറയ്ക്കുന്ന മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അകുൻസാദ ഉത്തരവിട്ടു.
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ അടുത്ത ബന്ധുവിനെതിരെയോ നടപടി എടുക്കും. 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖ തന്നെയാണ് അഭികാമ്യമെന്നും താലിബാൻ വ്യക്തമാക്കി.
താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിൽ പൊതുവെ സ്ത്രീകൾ മുഖം മറയ്ക്കാൻ തുടങ്ങിയെങ്കിലും കാബൂൾ അടക്കമുള്ള പ്രധാന പട്ടണങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരിക്കുന്നതാണ് പുതിയ ഉത്തരവിന് കാരണം.
ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പഠനം താലിബാൻ അധികാരത്തിൽ വന്നതോടെ നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാര സ്വാതന്ത്ര്യം അടക്കം വിലക്കുന്ന പുതിയ ഉത്തരവ്. മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ പറയുന്നു. താലിബാന്‍റെ പുതിയ നിയമങ്ങളോടെ ലോകത്തെ ഏറ്റവും സ്ത്രീവിരുദ്ധമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമായി അഫ്ഘാനിസ്ഥാൻ മാറിയിരിക്കുകയാണ്.