ബംഗളൂരു: ബംഗളൂരു-മംഗളൂരു ദേശീയ പാതയിൽ ചർമാടി ചുരത്തിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. ബന്ത്‍വാൾ സുരികുമേരു സ്വദേശി മുഹമ്മദ് റമീസ് (19), പെൻനെ സത്തിക്കൽ സ്വദേശി റജീൻ (20), കെടില ഗഡിയാര സ്വദേശി മുഹമ്മദ് സവാദ് (19) എന്നിവരാണ് പിടിയിലായത്. അപകടത്തിൽപെട്ട് കുടുങ്ങിയ കാർ യാത്രികരെയാണ് സംഘം കൊള്ളയടിച്ചത്.
കഴിഞ്ഞ ദിവസം കൊട്ടിഗരെയിൽനിന്ന് ദേവനഹള്ളിയിലേക്ക് പോയ കാർ യാത്രികർ രാത്രി 12.30ഓടെ ചുരത്തിൽ അപകടത്തിൽപെടുകയായിരുന്നു. റോഡരികിലെ ബാരിക്കേഡിൽ കാറിടിച്ചതോടെ യാത്രക്കാർക്ക് പരിക്കേറ്റു. യാത്രക്കാർ പരസഹായം കാത്തുനിൽക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ഇവരുടെ പണവും മറ്റു വസ്തുക്കളും കവരുകയായിരുന്നു.
തുടർന്ന് മൂവർ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ യാത്രികരിലൊരാളായ ദേവനഹള്ളി സ്വദേശി മധുസൂദൻ ബനകൽ പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.