പൊട്ടാസ്യം എന്നത് ശരീരത്തിന് ഒരു അത്യാവശ്യ ഇലക്ട്രോലൈറ്റാണ്. ഇത് നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ അനിവാര്യമായ ധാതുവാണ്. നിങ്ങളുടെ ഹൃദയം ഉള്‍പ്പെടെയുള്ള നാഡികള്‍ക്കും പേശികള്‍ക്കും പൊട്ടാസ്യം വളരെ അത്യാവശ്യമാണ് . എന്നാല്‍ ഇത് ആവശ്യത്തിന് ശരീരത്തിന് ലഭിച്ചില്ലെങ്കിലും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെങ്കിലും ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അത് മാത്രമല്ല ഇത് അപകടകരമായ അവസ്ഥയിലേക്ക് ശരീരത്തിനെ എത്തിക്കുകയും ചെയ്യുന്നുണ്ട്. പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നതിന് ഹൈപ്പര്‍കലേമിയ എന്നാണ് പറയുന്നത്.
സാധാരണ അവസ്ഥയില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാവുമ്പോള്‍ വൃക്കയിലൂടെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിലൂടെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് സംഭവിക്കാതിരിക്കുകയും ഹൈപ്പര്‍കലീമിയ അല്ലെങ്കില്‍ പൊട്ടാസ്യം ഉയര്‍ന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
ആരോഗ്യകരമായ പൊട്ടാസ്യത്തിന്റെ അളവ്
ശരീരത്തില്‍ ആരോഗ്യകരമായ പൊട്ടാസ്യത്തിന്റെ അളവ് സാധാരണ അവസ്ഥയിലെങ്കില്‍ 3.5 നും 5.0 നും ഇടയിലായിരിക്കും. എന്നാല്‍ ഇത് ഉയര്‍ന്ന അവസ്ഥയിലെങ്കില്‍ 5.1 മുതല്‍ 6.0 വരെയും അപകടകരമായ അവസ്ഥയിലെങ്കില്‍ അത് 6.0-ന് മുകളിലും ആയിരിക്കും. ഇനി കുറവുള്ള പൊട്ടാസ്യമാണ് എങ്കില്‍ അതിന്റെ അളവ് 3.4 കുറവായിരിക്കും. എന്നാല്‍ അതിലും കുറഞ്ഞ അവസ്ഥയില്‍ പലപ്പോഴും ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിയേക്കാം. ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞ അവസ്ഥയിലാണെങ്കില്‍ അത് രക്തപരിശോധനയിലൂടെ മനസ്സിലാക്കാം.
ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ് അഥവാ ഹൈപ്പര്‍കലീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഉടനേ തന്നെ വൈദ്യസഹായം തേടണം. പൊട്ടാസ്യത്തിന്റെ ഉയര്‍ന്ന അളവിനുള്ള കാരണങ്ങള്‍ ശരീരത്തില്‍ പൊട്ടാസ്യം ഉയര്‍ന്ന അളവിലാണ് എന്നുണ്ടെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത് അപകടകരമായ അവസ്ഥയിലേക്ക് വരെ എത്തുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും മരുന്നുകളുടെ ഉപയോഗവും എല്ലാം പലപ്പോഴും ഇത്തരം ഒരു അവസ്ഥയിലെത്തിക്കും. ഇതിന്റെ കാരണങ്ങൾ നിരവധിയാണ്.
വൃക്കരോഗം
വൃക്ക രോഗമുള്ളവരില്‍ പലപ്പോഴും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ തകരാറിലാക്കുന്നു. ശരീരത്തില്‍ നിന്ന് അധികം പൊട്ടാസ്യം നീക്കം ചെയ്യുന്നതിന് വേണ്ടി വൃക്കക്ക് കഴിയാതെ വരുന്നു. അതിനാല്‍ പിന്നീട് ഈ പൊട്ടാസ്യം ശരീരത്തില്‍ രക്തത്തില്‍ അടിഞ്ഞ് കൂടുകയും ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. വിട്ടുമാറാത്ത വൃക്കരോഗമുള്ളവരില്‍ 40 മുതല്‍ 50 ശതമാനം വരെ പൊട്ടാസ്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വൃക്കരോഗം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ഹൈപ്പര്‍കലേമിയ ആണ്. ചില മരുന്നുകള്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുന്നതിന് ശ്രദ്ധിക്കുക.
ഇത് കൂടാതെ പൊട്ടാസ്യം സപ്ലിമെന്റുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം.
മദ്യപാനം
അമിതമായ മദ്യപാനം പലപ്പോഴും പേശികളുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകള്‍ പലപ്പോഴും പേശികളില്‍ നിന്ന് പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
പൊള്ളല്‍
പൊള്ളല്‍ അപകടകരമാവുമ്പോള്‍ അത് ആഘാതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആഘാതങ്ങള്‍ പലപ്പോഴും പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ആഘാതം സംഭവിക്കുമ്പോള്‍ പലപ്പോഴും അമിതമായി പൊട്ടാസ്യം രക്തത്തില്‍ കലരുന്നു. പേശികളില്‍ സംഭവിക്കുന്ന ഇത്തരത്തിലുള്ള പരിക്കുകളും പൊള്ളലുകളും പാടുകളും എല്ലാം ഈ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
എച്ച്.ഐ.വി
എച്ച് ഐ വി എന്ന രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയുണ്ടെങ്കില്‍ അത് കിഡ്‌നിയുടെ ഫില്‍റ്ററുകളില്‍ തകരാറ് സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ അവയ്ക്ക് പൊട്ടാസ്യം കാര്യക്ഷമമായി പുറന്തള്ളാന്‍ സാധിക്കാതെ വരുന്നു. ഈ അവസ്ഥയില്‍ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നു.
മറ്റ് ചില അനാരോഗ്യകരമായ അവസ്ഥകളും പൊട്ടാസ്യം വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകുന്നു. അതില്‍ നിര്‍ജ്ജലീകരണം, പ്രമേഹം, ആന്തരിക രക്തസ്രാവം എന്നിവയെല്ലാം വരുന്നുണ്ട്. രക്തത്തിലെ ധാതുക്കളുടെ അളവിനെ ആശ്രയിച്ചാണ് പൊട്ടാസ്യത്തിന്റെ അളവ് നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പുറമേക്ക് രോഗലക്ഷണങ്ങള്‍ കാണില്ല.
പക്ഷേ ക്ഷീണം അല്ലെങ്കില്‍ ബലഹീനത, ശരീരത്തിന് മരവിപ്പ്, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, ശ്വാസതടസ്സം, നെഞ്ച് വേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ ഉണ്ടാവാം. എന്നാല്‍ ചില അവസരങ്ങളില്‍ പലപ്പോഴും ഉയര്‍ന്ന പൊട്ടാസ്യം പക്ഷാഘാതത്തിന് വരെ കാരണമാകുന്നു.