ചെന്നൈ: തഞ്ചാവൂരിലെ ഒരത്തനാട്ടിൽ ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റു മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗവ. വെറ്ററിനറി കോളജിലെ വിദ്യാർഥികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
കന്യാകുമാരി സ്വദേശി പ്രവീൺ, പുതുക്കോട്ട സ്വദേശി പരിമളേശ്വരൻ, ധർമപുരി സ്വദേശി മണികണ്ഠൻ എന്നീ മൂന്ന് വിദ്യാർഥികളാണ് അടുത്തുള്ള ഫാസ്റ്റ് ഫുഡ് സെന്ററിൽനിന്ന് ചിക്കൻ ഷവർമ കഴിച്ചത്.
ഭക്ഷണം കഴിച്ചശേഷം വിദ്യാർഥികൾ ഹോസ്റ്റലിലേക്കു മടങ്ങി. എന്നാൽ മിനിറ്റുകൾക്കകം വിദ്യാർഥികൾക്കു ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി. ഉടൻ കോളജ് അധികൃതരെ വിവരമറിയിക്കുകയും സർക്കാർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സംഭവത്തിൽ ഒരത്തനാട് പൊലീസ് കേസെടുത്തു.