കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊൽക്കത്തയിലെ വീട്ടിൽ അത്താഴവിരുന്നൊരുക്കി സൗരവ് ഗാംഗുലി. ഷാ വരുന്നത് അറിഞ്ഞ് ഒട്ടേറെ പാർട്ടി പ്രവർത്തകർ വഴിയിൽ കാത്തുനിന്നിരുന്നു. ഇവരെ എല്ലാം അഭിവാദ്യം ചെയ്താണ് അദ്ദേഹം ഗാംഗുലിയുടെ വീട്ടിലേക്ക് എത്തിയത്. വെള്ള നിറമുള്ള എസ്യുവിയിൽ കനത്ത സുരക്ഷാ വലയത്തിലാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
2008 മുതൽ അദ്ദേഹത്തെ എനിക്ക് അറിയാം. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനൊപ്പവും ഞാൻ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്. 2008 മുതൽ അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്. കളിക്കുന്ന സമയത്ത് ഞങ്ങൾ കണ്ടിരുന്നു. എന്നാൽ, മിക്ക സമയത്തും ഓരോ പര്യടനങ്ങളിലായതിനാൽ അധികം കാണാനായിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പം ജോലി ചെയ്യുകയും ചെയ്യുന്നു.”- ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
എന്തു സ്‌പെഷൽ വിഭവമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കായി ഒരുക്കിയിട്ടുള്ളതെന്ന ചോദ്യത്തിന് അദ്ദേഹമൊരു വെജിറ്റേറിയനാണെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. വീട്ടിൽ പോയിനോക്കട്ടെ, എന്നാലേ അറിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.