കോഴിക്കോട്: തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥിയെ ശനിയാഴ്ചയോ ഞായറാചയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി സ്ഥാനാർഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക. സ്ഥാനാർഥി പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് തൃക്കാക്കര അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സഭാ നേതൃത്വങ്ങൾക്ക് ഇരു മുന്നണികളോടും വിയോജിപ്പുണ്ടെന്നും പാർട്ടിയുമായി ഇവർ ആശയ വിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
താമരശ്ശേരി ബിഷപ്പുമായി ബി.ജെ.പി പ്രസിഡൻറ് ജെ.പി നദ്ദ കൂടിക്കാഴ്ച നടത്തിയത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ യു.ഡി.എഫ് അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയും എൽ.ഡി.എഫ് ഡോ. ജോ ജോസഫിനെയുമാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.