ജിദ്ദ: നാല് തൊഴിലുകൾ കൂടി പൂർണമായും സൗദി പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയ നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും. ഓഫിസ് സെക്രട്ടറി, ട്രാൻസ്ലേറ്റർ, സറ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ് സമ്പൂർണമായും സ്വദേശിവത്കരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചത്. ഇതോടെ സെക്രട്ടറി, ട്രാൻസ്ലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ തസ്തികകൾ 100 ശതമാനം സ്വദേശികൾക്ക് മാത്രമായിരിക്കും. സ്വദേശികളായ യുവതീയുവാക്കൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും മന്ത്രാലയം നടത്തിവരുന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്. 20,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ സ്വദേശികൾക്ക് ലഭിക്കുക.
ട്രാൻസ്ലേറ്റർ, സ്റ്റോർ കീപ്പർ എന്നീ ജോലികൾക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാലായും നിജപ്പെടുത്തി. മാർക്കറ്റിങ് വിഭാഗത്തിൽ അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനവും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ 12,000 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. മാർക്കറ്റിങ് ജോലികളിലേർപ്പെടുന്നവർക്ക് കുറഞ്ഞ ശമ്പളം 5,500 റിയാലായും നിജപ്പെടുത്തി.