അബുദാബി∙ ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരിൽ കൂടുതലും (12%) 18–30 ഇടയിൽ പ്രായമുള്ളവരാണ്. അബുദാബി പൊലീസ് വെബ് സൈറ്റ് വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ബോധവൽകരണം പുരോഗമിക്കുകയാണ്.
നിയമലംഘകരെ പിടികൂടാൻ തലസ്ഥാന നഗരിയിൽ നിരീക്ഷണം ശക്തമാക്കി. പിടിക്കപ്പെട്ടാൽ 800 ദിർഹം പിഴയും നാലു ബ്ലാക്ക് മാർക്കുമാണ് ശിക്ഷ. അമിത വേഗം, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കുക, പെട്ടന്ന് ബ്രെയ്ക്കിടുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, അശ്രദ്ധ എന്നിവയാണ് അപകടങ്ങളുണ്ടാക്കുന്ന മറ്റു കാരണങ്ങൾ.
റോഡ് സുരക്ഷ ഉറപ്പുവരുത്താൻ ഡ്രൈവർമാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ച് മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.