വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളുടെ ഫലമായും മറവി സംഭവിക്കാറുണ്ട്. എങ്കിലും , സമ്മര്‍ദ്ദം, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം പോലുള്ള വൈകാരിക പ്രശ്‌നങ്ങളും ഒരു വ്യക്തിയെ മറവിരോഗത്തിന് അടിമയാക്കും. എന്നാല്‍, വ്യത്യസ്തമായ ചില പ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ച് ആര്‍ക്കും അവരുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും മറവി കുറയ്ക്കാനും സഹായിക്കുന്ന ചില വഴികള്‍
ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. അത് തലച്ചോറിന് മാത്രമല്ല, ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നല്ലതാണ്. ധാരാളം പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുക. ലീന്‍ മീറ്റ്, ചിക്കന്‍, മത്സ്യം എന്നിവ പോലെ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍ തിരഞ്ഞെടുക്കുക. ജങ്ക് ഫുഡ് ഒഴിവാക്കാന്‍ ശ്രമിക്കുക. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. കറുത്ത റാസ്‌ബെറി, ഉണക്കമുന്തിരി, ബ്ലൂബെറി എന്നിവ കഴിക്കുക.
ചീത്ത കൊഴുപ്പുകളെ സൂക്ഷിക്കുക
കഴിക്കുന്ന കൊഴുപ്പിന്റെ തരം നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലതോ ചീത്തയോ ആയി മാറ്റുന്നു. തലച്ചോറിലെ കോശങ്ങളെ കാര്യക്ഷമതയില്ലായ്മയിലേക്ക് നയിക്കുന്ന പൂരിത കൊഴുപ്പുകളില്‍ നിന്ന് അകന്നുനില്‍ക്കുക. പാല്‍, ചീസ്, ഐസ്‌ക്രീം തുടങ്ങിയ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക. ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
വ്യായാമം
ശരീരഭാരം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, മുതലായ പല വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. ശരീരത്തിന് വളരെയധികം നേട്ടങ്ങള്‍ നല്‍കുന്ന ഒന്നാണ് വ്യായാമം. ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഓര്‍മ്മയെ മൂര്‍ച്ചയുള്ളതാക്കാന്‍ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കുക
പൊണ്ണത്തടിയുള്ളവര്‍ക്കും അമിതഭാരമുള്ളവര്‍ക്കും മസ്തിഷ്‌ക കോശങ്ങള്‍ കുറവാണ്, അങ്ങനെ അല്‍ഷിമേഴ്സ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചെറുപ്പമായിരിക്കുമ്പോഴോ മധ്യവയസ്‌ക്കായിരിക്കുമ്പോഴോ തന്നെ ശരീരഭാരം കൂടുന്നത് ശ്രദ്ധിക്കുക, അത് തടയുക. കൂടാതെ, 60 വയസ്സിന് ശേഷം ശരീരഭാരം അധികമായി കുറയുന്നതും ശ്രദ്ധിക്കുക, കാരണം ഇത് അല്‍ഷിമേഴ്സിന്റെ ലക്ഷണമാകാം.
മതിയായ ഉറക്കം
ഉറക്കം ഓര്‍മ്മയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രതിദിനം 7-8 മണിക്കൂര്‍ മതിയായ ഉറക്കം നേടാന്‍ ശ്രമിക്കുക. ഉറക്കക്കുറവ് മസ്തിഷ്‌ക കോശങ്ങള്‍ക്ക് ദോഷകരമാണ്. ഉറക്കത്തിന് ഓര്‍മ്മതകരാറ്, അല്‍ഷിമേഴ്സ് എന്നിവയില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനുള്ള അത്ഭുതകരമായ ശക്തിയുണ്ട്. ദിവസത്തില്‍ ഏഴ് മണിക്കൂറെങ്കിലും ആരോഗ്യകരമായ രീതിയില്‍ ഉറങ്ങുന്നത് അല്‍ഷിമേഴ്സിന്റെ പ്രധാന പ്രേരകമായ, ബ്രെയിന്‍ ടോക്സിന്‍ പെപ്‌റ്റൈഡ് ബീറ്റാ-അമിലോയിഡിന്റെ അളവ് കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണം ഗ്രീക്കുകാരും ഇറ്റലിക്കാരും കഴിക്കുന്നത് യഥാര്‍ത്ഥ മസ്തിഷ്‌ക ഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മെഡിറ്ററേനിയന്‍ ഭക്ഷണക്രമം
തലച്ചോറിനെ ഓര്‍മ്മ തകരാറില്‍ നിന്നും ഡിമെന്‍ഷ്യയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ പച്ച ഇലക്കറികള്‍, മത്സ്യം, പഴങ്ങള്‍, നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഒലിവ് ഓയില്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
മസ്തിഷ്‌ക ആരോഗ്യം വളര്‍ത്തുക
മസ്തിഷ്‌കം 30 അല്ലെങ്കില്‍ 40 വയസ്സില്‍ എത്തുമ്പോള്‍ തന്നെ ചുരുങ്ങാന്‍ തുടങ്ങുന്നു. എങ്കിലും , പഠനത്തിലൂടെ നിങ്ങളുടെ തലച്ചോറിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മികച്ച സെറിബ്രല്‍ ഉത്തേജനത്തിനായി പുതിയ കാര്യങ്ങള്‍ പഠിക്കാനും അല്ലെങ്കില്‍ നിങ്ങളുടെ സുഹൃദ് വലയം വിശാലമാക്കാനും ശ്രമിക്കുക. കൂടാതെ, പ്രായമാകുന്തോറും രക്തത്തിലെ വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറയുകയും അല്‍ഷിമേഴ്‌സ് വര്‍ദ്ധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുറഞ്ഞ ബി 12 അളവ് തലച്ചോറിനെ ചുരുക്കുകയും ഒടുവില്‍ മസ്തിഷ്‌ക ക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നു. 40 വയസ്സ് കഴിഞ്ഞവര്‍ പതിവായി ബി12 സപ്ലിമെന്റ് കഴിക്കുന്നത് നല്ലതാണ്.
മാനസികമായി സജീവമായിരിക്കുക
ശാരീരിക ആരോഗ്യം പോലെതന്നെ തലച്ചോറിനെ നല്ല നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് മാനസികാരോഗ്യം സജീവമാക്കേണ്ടതുണ്ട്. ക്രോസ്വേഡ് പസിലുകള്‍ പോലുള്ള ബ്രെയിന്‍ ഗെയിമുകള്‍ കളിക്കുക. അത് മിടുക്കരാക്കുകയും ഓര്‍മ്മ മെച്ചപ്പെടുത്തുകയും ചെയ്യും.