തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവർത്തനവുമടക്കമുള്ള കാര്യങ്ങളാണു കെ.എസ്.ഇ.ബിയെ പ്രവർത്തന ലാഭത്തിലേക്കു നയിച്ചതെന്ന് സംസ്ഥാനത്തിന്റെ ഊർജ മേഖലയുടെ അവലോകനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വൈദ്യുതോത്പാദന മേഖലയിൽ കേരളത്തിനു വലിയ സാധ്യതയാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തടസ്സ രഹിതവും ഗുണമേയുള്ളതുമായ വൈദ്യുതി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗിക്കണം. നിലവിൽ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണു കേരളത്തിനു വേണ്ടത്. ഇതിൽ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുതിയിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത് ഒഴിവാക്കാനാകും. കേരളത്തിൽ 3000 ടിഎംസി വെള്ളമാണ് ആകെയുള്ളത്. ഇതിൽ ഇറിഗേഷനും ഇലക്ട്രിസിറ്റിക്കുമായി 300 ടിഎംസിയാണു നിലവിൽ ഉപയോഗിക്കുന്നത്. 2000 ടിഎംസി വരെ ഉപയോഗിക്കാൻ കഴിയുമെന്നാണു പഠന റിപ്പോർട്ടുകൾ. എന്നാൽ പല കാരണങ്ങളാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല.
ഉത്പാദന മേഖലയിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തയിലേക്ക് എത്തിക്കുന്നതിനുള്ള ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടപ്പാക്കുന്നത്. 1500 ൽ പരം മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.
ഈ സർക്കാർ അധികാരത്തിൽവന്നു നാളിതുവരെ 38.5 മെഗാവോട്ടിന്റെ നാല് ജല വൈദ്യുത പദ്ധതികൾ ഉൾപ്പെടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദന ശേഷിയിൽ 156.16 മെഗാവാട്ടിന്റെ വർധന ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഈ വർഷം 124 മെഗാവോട്ടിന്റെ മൂന്നു ജല വൈദ്യുത പദ്ധതികൾ കൂടി പൂർത്തിയാക്കും. ഈ മൂന്നെണ്ണം ഉൾപ്പെടെ എട്ട് ജല വൈദ്യുത പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനു പുറമേ 45.5 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള അഞ്ചു ജലവൈദ്യുത പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. ജല വിഭവ വകുപ്പിന്റെ സഹകരണത്തോടെ കാരപ്പാറ (19 മെഗാവോട്ട്) പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. മാങ്കുളത്ത് 40 മെഗാവാട്ട് ശേഷിയുള്ള ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ഈ വർഷം പൂർത്തിയാക്കും. കേന്ദ്ര ഗവൺമെന്റ് നിഷ്‌കർഷിക്കുന്ന അനുമതികൾ ലഭ്യമാക്കുന്ന മുറയ്ക്ക് ടെൻഡർ ക്ഷണിച്ചു പദ്ധതി പ്രവർത്തനങ്ങൾ അടുത്തവർഷം ആരംഭിക്കും. 200 മെഗാവാട്ടിന്റെ ശബരിഗിരി എക്സ്റ്റൻഷൻ സ്‌കീം പ്രാഥമിക പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനു വർക്ക് ഓർഡർ നൽകി.
ഹൈഡ്രോ കൈനറ്റിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കനാലുകളിൽ നിന്നും ജല വൈദ്യുത പദ്ധതികളുടെ ടെയ്ൽ റേസിൽ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതിക്കു താൽപ്പര്യപത്രം സ്വീകരിച്ച് സാങ്കേതിക ദാതാക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ വർധന ഉണ്ടാകുന്നതിനനുസരിച്ച് ഉയർന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങൽ കരാറുകൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കും. മിതമായ നിരക്കിൽ വൈദ്യുതി വിതരണം സാധ്യമാക്കിയാൽ സംസ്ഥാനത്തു വ്യവസായ വികസനം ഉണ്ടാകുകയും അത് ധാരാളം തൊഴിൽ സാധ്യത ഉറപ്പ് വരുത്തുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു.
പ്രസരണ മേഖലയിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രണ്ട് 220 കെ വി സബ് സ്റ്റേഷനുൾപ്പടെ 10 സബ് സ്റ്റേഷനുകൾ പൂർത്തിയാക്കി. 2040 വരെ വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള പ്രസരണ മേഖലയിലെ പദ്ധതിയാണ് 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി സംസ്ഥാനത്തുടനീളം എത്തിക്കണമെങ്കിൽ 400 കെവിയുടെ ട്രാൻസ്മിഷൻ ലൈൻ പൂർത്തീകരിക്കണം. ഇതിന്റെ ആദ്യ ഘട്ടമായി 400 കെ.വി പവർഹൈവേ കോഴിക്കോട് വരെ പൂർത്തീകരിച്ചിട്ടുണ്ട്. വയനാട്, കാസർകോഡ് 400 കെ.വി സബ് സ്റ്റേഷനുകൾകൂടി സ്ഥാപിച്ച് പവർ ഹൈവേ കർണാടകയിലെ ഉഡുപ്പിയിലേയ്ക്ക് ദീർഘിപ്പിക്കും. 220 കെവി പ്രസരണ ശൃംഖല ശക്തിപ്പെടുത്തും. ഘട്ടംഘട്ടമായി സബ് സ്റ്റേഷനുകൾ ഓട്ടോമേറ്റ് ചെയ്തു നവീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യും. ഇത്തരം നടപടികളിലൂടെ പ്രസരണ ശൃംഖലയുടെ ലഭ്യത 99 ശതമാനമായി ഉയർത്തും. ഈ പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കും. ഇതോടെ പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പഴങ്കഥയാവും.
വിതരണ മേഖലയിൽ ആധുനിക വൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സഹായത്തോടെ 12000 കോടി രൂപയുടെ പദ്ധതികളാണ് 2025 നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽ ഭൂഗർഭ കേബിളുകൾ, എ ബി സി കണ്ടക്ടർ, കവചിത ചാലകങ്ങൾ എന്നിവ സ്ഥാപിക്കുന്നതുൾപ്പടെ വിതരണ മേഖല ആധുനിക വൽക്കരിക്കുന്നതിന് 4000 കോടിയിലധികം രൂപയുടെ പദ്ധതി നടപ്പാക്കും. എല്ലാ ഉപഭോക്തൃ മീറ്ററുകളും പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ ആക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖക്ക് അംഗീകാരം ലഭിച്ചു. 8175 കോടി രൂപയുടെ ഈ പദ്ധതി 2022-23 സാമ്പത്തികവർഷം നടപ്പിലാക്കാൻ തുടങ്ങും. വൈദ്യുതി അപകടം കുറയ്ക്കുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ബാറ്ററി സ്റ്റോറേജ് സിസ്റ്റം നടപ്പാക ഹൈഡ്രജൻ ഇന്ധനമാക്കുന്ന പ്രവർത്തികൾ നടപ്പാക്കുക, ചെലവ് കുറഞ്ഞ മാർഗ്ഗത്തിൽ ചെറുകിട ജല വൈദ്യുത പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിനും നവീന ആശയങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ പരിഷ്‌കരിച്ച ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സിൻഹ, കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോക്, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.