കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രചരണ വേദിയിൽ ജോ ജോസഫ് നടത്തിയ പ്രസംഗം വൈറൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സർവേകളിൽ 75 മുതൽ 90 സീറ്റുകൾ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുമെന്ന് പറയുമ്പോഴും ഗ്രൗണ്ടിൽ വർക്ക് ചെയ്യുന്നവർ പറയുന്നത് എൽ.ഡി.എഫ് സെഞ്ച്വറി അടിക്കും, എന്നാണ് ജോ ജോസഫ് പ്രസംഗത്തിൽ പറയുന്നത്.
‘അവർ നടത്തിയ സർവേകളിൽ പോലും 75 മുതൽ 90 സീറ്റുകൾ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കാമെന്നാണ്. എന്നാൽ ഗ്രൗണ്ടിൽ വർക്ക് ചെയ്യുന്നവർ പറയുന്നത് നമ്മൾ ചിലപ്പോൾ സെഞ്ച്വറി അടിച്ച് കൂടാമെന്നില്ല,’ എന്നാണ് ജോ ജോസഫ് പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇതിന്റെ വീഡിയോയുണ്ട്.
അതേസമയം, തൃക്കാക്കരയിൽ പൂർണവിജയ പ്രതീക്ഷയുണ്ടെന്ന് ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയാത്ത ഒരുമണ്ഡലവും കേരളത്തിലില്ലെന്നും ജോ ജോസഫ് പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഡോ. ജോ ജോസഫ് ഇറങ്ങി വന്നത് സ്ഥാനാർത്ഥിത്വത്തലേക്കാണ്. മന്ത്രി പി. രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ എന്നിവരെത്തി സ്വീകരിച്ചു. തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ. തൃക്കാക്കരയിൽ വിജയിക്കാനാകുമെന്നും, താൻ എന്നും ഇടതു ചേരിയിൽ നിന്നയാളാണെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.
തന്റെ സ്ഥാനാർത്ഥിത്വത്തിൽ സാമുദായിക സംഘടനകൾ ഇടപെട്ടന്നത് ആരോപണം മാത്രമാണെന്നും ഡോക്ടർ പറഞ്ഞു. തൃക്കാക്കരയിൽ നൂറുശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും ഡോ. ജോ ജോസഫ് പറഞ്ഞു. തുടർന്ന് പാർട്ടി പ്രവർത്തകരക്കൊപ്പം അദ്ദേഹം മണ്ഡലത്തിലെ പ്രചരണത്തിരക്കിലേയ്ക്കിറങ്ങി.