മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി സ്ഫോടനമുണ്ടാക്കിയ സംഭവം ആസൂത്രിതമെന്നു സൂചന. കുടുംബ പ്രശ്നം പറഞ്ഞു പരിഹരിക്കാമെന്നു പറഞ്ഞാണ് ഭാര്യ ജാസ്മിനെ(37)യും രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി മുഹമ്മദ് (52) സ്ഫോടനമുണ്ടാക്കിയതെന്നാണ് വിവരം.
പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിന്റെ വീട്ടിലായിരുന്നു ഭാര്യയും കുട്ടികളും. വ്യാഴാഴ്ച ഉച്ചയോടെ സ്‌ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയുമായെത്തിയ മുഹമ്മദ്, ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ചുവരുത്തി. ഇവരെ ഓട്ടോയിൽ കയറ്റി ഇരുത്തിയശേഷം പുറത്തുനിന്ന് പൂട്ടി. തുടർന്ന് പെട്രോളോ ഡീസലോ ഉപേയാഗിച്ച് തീ കൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
എന്തുപയോഗിച്ചാണു തീ കൊളുത്തിയതെന്നു ശാസ്ത്രീയ പരിശോധനയിലേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. തീ കൊളുത്തുന്നതിനിടെ കുട്ടികളിലൊരാൾ ജാസ്മിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് ‘ഞങ്ങളെ കൊല്ലാൻ പോകുകയാണ്’ എന്ന് അറിയിച്ചിരുന്നു. പിന്നാലെ ജാസ്മിന്റെ സഹോദരി ഓടിയെത്തി ഒരു കുട്ടിയെ ഓട്ടോയിൽനിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ, ദേഹത്തേക്കു തീ പടർന്നപ്പോൾ മുഹമ്മദ് സമീപത്തെ കിണറ്റിലേക്കു ചാടി. ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

















