കോഴിക്കോട്ട് നടക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിലെ പൊതുചർച്ച ഇന്ന് പൂർത്തിയാകും. പാർട്ടി നേരിടുന്ന സംഘടനാ വീഴ്ചകൾ തിരുത്തുന്നതിനായി ‘ചതുർമുഖ’ പദ്ധതിക്ക് യോഗം രൂപം നൽകിയിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി ആദ്യദിനം തന്നെ യോഗത്തിൽ വിമർശനമുയർന്നു. തെറ്റുതിരുത്തൽ റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികൾക്കും പ്രാദേശിക നേതൃത്വത്തിനും മേൽ ചാരുകയാണെന്നും സംസ്ഥാന നേതൃത്വം സമ്പൂർണ പരാജയമാണെന്നും അഭിപ്രായമുയർന്നു. പയ്യന്നൂരിലെ പരാജയം റിപ്പോർട്ടിൽ പരാമർശിച്ചെങ്കിലും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വ വിവാദം ഒഴിവാക്കിയതും ചോദ്യം ചെയ്യപ്പെട്ടു.
ഗ്രൂപ്പ് ചർച്ചകളിൽ വ്യക്തികേന്ദ്രീകൃതമായോ കടുത്ത ഭാഷയിലോ ഉള്ള വിമർശനങ്ങൾ ഒഴിവാക്കാനും സംഘടനാ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശമുണ്ട്.
പൊതുചർച്ചയിൽ സംസാരിക്കാൻ ജില്ലകൾക്ക് അരമണിക്കൂറും വർഗ്ഗ ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്.
സംഘടനയെ ശക്തിപ്പെടുത്താനുള്ള തുടർ നടപടികളിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ നിർണായകമാകും.

















