തിരുവനന്തപുരം: തിരുവനന്തപുരം മൈലക്കരയിൽ പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരനെതിരെ അന്വേഷണം. മൈലക്കര സ്വദേശിനി തസ്ലീമ (18) ആത്മഹത്യ ചെയ്യാനിടയാക്കിയത് അയൽവാസിയായ പൊലീസുകാരൻ അഖിൽ മൂലമാണെന്നാണ് വീട്ടുകാരുടെ ആരോപണം. തസ്ലീമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖിൽ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും കുടുംബം ആരോപിച്ചു.
ഇന്നലെ രാവിലെയാണ് തസ്ലീമയെ വീടിന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലും തസ്ലീമയും തമ്മിൽ അടുപ്പത്തിലായിരുന്നു. പലതവണ തസ്ലീമയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അഖിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ വിദ്യാർത്ഥിനിയാണെന്നും പഠനം കഴിയട്ടെയെന്നും പറഞ്ഞ് വീട്ടുകാർ മടക്കി വിടുകയായിരുന്നു.
എന്നാൽ ഇരുവരും ബന്ധം തുടർന്ന സാഹചര്യത്തിൽ വിവാഹം നടത്താമെന്ന തീരുമാനത്തിൽ ഇരുവീട്ടുകാരുമെത്തി. അതിനിടെ അഖിലിന് മറ്റൊരു പെൺകുട്ടിയുമായും ബന്ധമുണ്ടെന്ന വിവരം തസ്ലീമയ്ക്ക് ലഭിച്ചു. ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. മരിക്കുന്നതിന്റെ തലേന്നും ഫോണിൽ വിളിച്ച് തർക്കമുണ്ടായിരുന്നതായി തസ്ലീമയുടെ വീട്ടുകാർ പറഞ്ഞു. അഖിൽ പെൺകുട്ടിയോടെ വളരെ മോശമായി സംസാരിച്ചെന്നും, ഇതിന് ശേഷമാണ് തസ്ലീമ ജീവനൊടുക്കിയതെന്നും വീട്ടുകാർ പറയുന്നു.
വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ അഖിലിന്റെ അച്ഛൻ, പെൺകുട്ടിയുടെ വീട്ടുകാരോട് പത്ത് ലക്ഷം രൂപയും 25 പവൻ സ്വർണവും നൽകിയാൽ മാത്രമേ അഖിലുമായി വിവാഹം നടത്താൻ സമ്മതിക്കുകയുള്ളൂ എന്നു പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. തസ്ലീമ വീരണക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. അഖിലിന്റെ ഫോൺരേഖകളും, പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണങ്ങളും അടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് നെയ്യാർ പൊലീസ് പറഞ്ഞു.