സിനിമാ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കോമ്പിനേഷനിൽ ഒന്നാണ് പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കോമ്പോ. ഡ്രൈവിങ് ലൈസൻസിലൂടെയാണ് ആ കോമ്പോ ക്ലിക്കായി തുടങ്ങിയത്. ഇപ്പോൾ ജന ഗണ മന എന്ന സിനിമയിലെത്തി നിൽക്കുകയാണ് ഇരുവരേയും സൗഹൃദം.
പൃഥിയെ കുറിച്ച് സുരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മൂവി ലോഗിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ അഭിനയ മികവിനെ കുറിച്ചും നെടുനീളൻ ഡയലോഗുകൾ ഒരൊറ്റ വായനകൊണ്ട് ഹൃദിസ്ഥമാക്കാനുള്ള കഴിവിനെ കുറിച്ചുമൊക്കെ സുരാജ് പറയുന്നത്. പൃഥ്വിയുടെ ആ കഴിവിന് പിന്നിലുള്ള രഹസ്യം തനിക്ക് അറിയാമെന്നും സുരാജ് പറയുന്നു.
‘ നല്ല തമാശ മനസിലാകുന്ന, തമാശ പറയുന്ന ആളാണ് രാജു. പിന്നെ ഞാൻ അദ്ദേഹത്തിൽ കണ്ട ഒരു വലിയ പ്രത്യേകതയുണ്ട്. ഡ്രൈവിങ് ലൈസൻസ് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയം. ഗ്രൗണ്ടിൽ ടെസ്റ്റ് നടക്കുന്ന സമയത്ത് അദ്ദേഹം അദ്ദേഹത്തിന്റെ വണ്ടിയുമായി വരുമ്പോൾ അത് പറ്റില്ലെന്നും ഡ്രൈവിങ് സ്‌കൂളിന്റെ വണ്ടി വേണമെന്നും ഞാൻ പറയുന്ന സീൻ എടുക്കുകയാണ്.
ടെസ്റ്റ് ഇന്ന് പറ്റില്ലെന്നും ഉച്ച കഴിഞ്ഞിട്ട് വാ എന്നും ഞാൻ പറഞ്ഞ ശേഷം ഇദ്ദേഹം നടന്നുപോയിട്ട് ഇദ്ദേഹത്തിന്റെ ആരാധകരുടെ അടുത്ത് സംസാരിക്കുന്ന ഒരു ഡയലോഗുണ്ട്. ഒരു ഏഴെട്ട് പേജുണ്ട്. അവിടെ ആണെങ്കിൽ ഒരു പത്ത് രണ്ടായിരം പേരെങ്കിലും ഉണ്ട്.
വൈകീട്ട് അഞ്ചര മണിയായിട്ടുണ്ട്. ലൈറ്റ് പോകുന്ന സമയമാണ്. ഞാനാണ് ആ സ്ഥാനത്തെങ്കിൽ അറ്റാക്ക് വന്ന് വീണ് മരിക്കും. ആ സമയത്ത് കഥാപാത്രത്തിലേക്ക് പെട്ടെന്ന് എത്തുക എന്ന് പറഞ്ഞാൽ കുറച്ച് പാടാണ്. ലൈറ്റ് പോകുമോ എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടാകും. പക്ഷേ പൃഥ്വി ഈ ഏഴെട്ട് പേജ് എടുത്ത് വെച്ചിട്ട് ഒന്നു മറിച്ചുനോക്കി. അപ്പോൾ തന്നെ റെഡി എന്ന് പറഞ്ഞ് ആൾ അങ്ങോട്ട് കയറി.
ഇതെങ്ങനെ റെഡിയാകും എന്ന് ഞാൻ ചിന്തിച്ചു. സ്‌ക്രിപ്റ്റ് നേരത്തെ കൊടുത്തിരുന്നോ എന്നും ഞാൻ അന്വേഷിച്ചു. സ്‌ക്രിപ്റ്റ് കുറേ നാൾ മുൻപ് എപ്പോഴോ വായിച്ചതാണെന്ന് ആരോ പറഞ്ഞു. നമുക്ക് കട്ട് ചെയ്ത് എടുക്കാമെന്ന് സംവിധാനയകൻ ജീൻ പറഞ്ഞപ്പോൾ വേണ്ട വേണ്ട ഒറ്റ ഷോട്ടിൽ പോകാമെന്നായി പൃഥ്വി. എന്നിട്ട് ഒന്നൂടെ ആ പേജ് മറിച്ചുനോക്കിയ ശേഷം ഒരൊറ്റ അടിയാണ്. ആ ഡയലോഗ് മുഴുവൻ ഒരു വാക്ക് മാറാതെ പുള്ളി പറയുകയാണ്.
ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഞാൻ. അങ്ങനെ ഞാൻ ഇതിന് പിന്നിൽ എന്താണെന്ന് അന്വേഷിച്ചു പോയി. അപ്പോഴാണ് സുകുമാരൻ ചേട്ടനെ കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന് ഒരു സ്‌ക്രിപ്റ്റ് കൈയിൽ കൊടുത്താൽ ഒന്ന് വായിച്ച ശേഷം വേണമെങ്കിൽ അപ്പുറത്ത് നിൽക്കുന്ന ആളുടെ ഡയലോഗ് കൂടെ പറഞ്ഞുകൊടുക്കുമായിരുന്നത്രേ. അദ്ദേഹം ഒരു സ്‌കാനർ ആണെന്നാണ് അറിഞ്ഞത്.
അപ്പോള് പിന്നെ പൃഥ്വിരാജ് ഇത് കാണിക്കുന്നതിൽ അത്ഭുതമില്ല. ഇത് തന്നെയാണ് ജന ഗണ മനയിലേയും കാര്യം. ഞെട്ടിപ്പോകും നമ്മൾ, മലയാളത്തിന്റെയല്ല ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ ഹീറോയാണ് പൃഥ്വിരാജെന്ന് നിസ്സംശയം പറയാം, സുരാജ് പറഞ്ഞു.