നെടുമങ്ങാട്: ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിന്റെ തോൽ. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിച്ച് വരുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോൽ കണ്ടത്തിയത്. നെടുമങ്ങാട് പൂവത്തുർ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്.
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതാനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിക്കാണ് അമ്മ പ്രിയ ഭക്ഷണപൊതി വാങ്ങിയത്. മകൾ ഭക്ഷണം കുറച്ചു കഴിച്ച ശേഷമാണ് അവശിഷ്ടം കണ്ടെത്തിയതെന്നും തുടർന്ന് പോലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും അറിയിച്ചുവെന്നും പ്രിയ പറഞ്ഞു.
നെടുമങ്ങാട് നഗരസഭാ ആര്യോഗ്യ വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റി വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പാമ്പിന്റെ തോലാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. പാമ്പിന്റെ പുറം ഭാഗം പത്രക്കടലാസിൽ പറ്റിപിടിച്ച് ഇരുന്നതാക്കാമെന്നാണ് അനുമാനം.
ഹോട്ടലിന് ഫുഡ് സേഫ്റ്റി ലൈസൻസും നഗരസഭയുടെ ലൈസൻസുമുണ്ട്. ഹോട്ടൽ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവർത്തിക്കാവു എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. കിരൺ, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ സക്കീർ ഹുസൈൻ, അർഷിത, ഇന്ദു , സജീന, ജെ.എച്ച് ഐമാരായ രമ്യ, ശബ്‌ന തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.