സംവിധായകൻ കരൺ ജോഹർ അവതാരകനായി എത്തുന്ന ടോക് ഷോയാണ് കോഫി വിത്ത് കരൺ. ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ ഷോയിൽ പങ്കെടുക്കാത്ത താരങ്ങൾ കുറവായിരിക്കും. എന്നാൽ ഇനി കോഫി വിത്ത് കരൺ ഇല്ല. ഷോ അവസാനിപ്പിച്ചതായി കരൺ ജോഹർ തന്നെയാണ് വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇത് അറിയിച്ചത്. എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു കോഫി വിത്ത് കരൺ, നിങ്ങളുടേയും. ആറു സീസണുകളാണ് പുറത്തെത്തിയത്. നമുക്ക് മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നു തന്നെയാണ് ഞാൻ കരുതുന്നത്. പോപ് കൾച്ചർ ഹിസ്റ്ററിയിൽ് ഒരു സ്ഥാനം നേടാനുമായി. ഇപ്പോൾ ഏറെ ഹൃദയഭാരത്തോടെ കോഫി വിത്ത് കരൺ തിരിച്ചുവരില്ല എന്ന് ഞാൻ പ്രഖ്യാപിക്കുകയാണ്.- കരൺ ജോഹർ കുറിച്ചു.
ഏഴാം സീസണിനായി ആരാധകർ കാത്തിരിക്കുന്നതിനിടയിലാണ് ഷോ അവസാനിപ്പിച്ചതായി കരൺ പ്രഖ്യാപിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഷോ അവസാനിപ്പിക്കരുത് എന്നാണ് ആരാധകരുടെ ആരാധന. തീരുമാനത്തിന് പിന്നിലെ കാരണം അന്വേഷിക്കുന്നവരും നിരവധിയാണ്. അടുത്തിടെ വിവാഹിതരായ ബോളിവുഡ് താരങ്ങൾ ആലിയ ഭട്ടിനേയും രൺബീർ കപൂറിനേയും അതിഥികളാക്കി കോഫി വിത്ത് കരണിന്റെ പുതിയ സീസൺ ആരംഭിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
2004 നവംബർ 19നാണ് കോഫി വിത്ത് കരണിന്റെ ആദ്യത്തെ എപ്പിസോഡ് പുറത്തുവരുന്നത്. ഏറ്റവും കൂടുതൽ കാലം സംപ്രേക്ഷണം ചെയ്ത രണ്ടാമത്തെ ടോക്ക് ഷോ ആണ് ഇത്. 2019 മാർച്ച് 17നാണ് ഷോയുടെ അവസാന എപ്പിസോഡ് എയർ ചെയ്തത്. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ഷോയിൽ പങ്കെടുത്തിട്ടുണ്ട്.
















