ജയ്പുർ: ജോധ്പുർ സംഘർഷത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് ഏർപ്പെടുത്തിയ കർഫ്യൂ മെയ് ആറ് വരെ നീട്ടി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ജോധ്പൂരിൽ ഈദ് ആഘോഷത്തിന് മുന്നോടിയായി കൊടി സ്ഥാപിക്കുന്നതിനെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ജോധ്പുരിൽ 141 പേരെ അറസ്റ്റ് ചെയ്തതായും 12 കേസുകൾ എടുത്തതായും ഡി.ജി.പി എം.എൽ ലാതർ പറഞ്ഞു. അക്രമത്തിൽ ഒമ്പത് പൊലീസുകാർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.
ക്രമസമാധാനപാലനത്തിന് ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ക്രമസമാധാന നില വിലയിരുത്തിയ ശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുക്കുമെന്ന് അധികൃതർ അറിയിച്ചു.
















