കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിയ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അഭിഭാഷകര്‍. കോടതിക്ക് പുറത്തേക്ക് പോകുന്നതിനിടെയാണ് ചിദംബരത്തിനുനേരെ മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ രംഗത്ത് വന്നത്. മമതയുടെ ഏജന്‍റ് തിരിച്ചു പോവുക എന്ന മുദ്രാവാക്യമാണ് ഉയര്‍ന്നത്.
കെവന്റര്‍ എന്ന കമ്പനിക്ക് വേണ്ടിയാണ് ചിദംബരം കോടതിയില്‍ ഹാജരായത്. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ഈ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അത്തരമൊരു കമ്പനിക്ക് വേണ്ടിയെങ്ങനെയാണ് ചിദംബരത്തിന് ഹാജരാകാന്‍ കഴിയുകയെന്നും അഭിഭാഷകര്‍ ചോദിക്കുന്നു. അഭിഭാഷകന്‍ എന്ന നിലയിലല്ല മറിച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണ് പ്രതിഷേധിച്ചതെന്ന് അഭിഭാഷകനായ കൗസ്തവ് ബാഗി പ്രതികരിച്ചു.
ചിദംബരത്തെപ്പോലുള്ളവർ കാരണമാണ് പശ്ചിമ ബംഗാളിൽ പാർട്ടിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്തതെന്ന് ഒരു അഭിഭാഷകന്‍ പറയുന്നത് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വിഡിയോയില്‍ കാണാം- “തൃണമൂൽ കോൺഗ്രസ് (ടിഎംസി) കൊള്ളയടിച്ചു. നിങ്ങൾ ടി.എം.സിയെ രക്ഷിക്കുന്നു. നിങ്ങളെപ്പോലുള്ള നേതാക്കള്‍ കാരണമാണ് പശ്ചിമ ബംഗാളിൽ ഞങ്ങൾ കഷ്ടപ്പെടുന്നത്. നിങ്ങളെപ്പോലുള്ളവർ കാരണമാണ് ബംഗാളിൽ പാർട്ടി കഷ്ടപ്പെടുന്നത്. നിങ്ങൾ മമത ബാനർജിയുടെ ഏജന്‍റാണ്”- എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.
അതേസമയം അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ചിദംബരം കമ്പനിക്ക് വേണ്ടി ഹാജരായതിനെ കുറിച്ച് ചൗധരി പ്രതികരിച്ചത് അത് ജോലി സംബന്ധമായ കാര്യമാണെന്നും ഏതൊരു മനുഷ്യനും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ്. ഇത്തരം കാര്യങ്ങളില്‍ ഒരു വ്യക്തിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും ചൗധരി പറഞ്ഞു.
















