ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എസ്.എച്ച്.ഒ തിലക്ധാരി സരോജിനെ അറസ്റ്റ് ചെയ്തെന്ന് യു.പി പൊലീസ് അറിയിച്ചു.
പ്രയാഗ് രാജിൽ വെച്ചാണ് എസ്.എച്ച്.ഒയെ പിടികൂടിയത്. ബലാൽസംഗത്തിനിരയായെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ 13കാരിയെയാണ് എസ്.എച്ച്.ഒ പീഡിപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം. പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ഏപ്രിൽ 22ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് ഗ്രാമത്തിലെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.
മൊഴി രേഖപ്പെടുത്തുന്നതിനായി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. കുട്ടിയുടെ അമ്മായിയും അപ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എഫ്.ഐ.ആറില്‍ ഇവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് എസ്.എച്ച്.ഒ തിലക്ധാരി സരോജിനെതിരെ കേസെടുത്തത്.
















