മോഹൻലാൽ ചിത്രം ട്വൽത്ത് മാൻ ട്രൈലെർ പുറത്തുവിട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നത്. ഒരു ഡാർക്ക് ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ‘എല്ലാവർക്കും മൂന്ന് ജീവിതങ്ങളുണ്ട്. ഒരു പൊതു ജീവിതം, ഒരു സ്വകാര്യ ജീവിതം, ഒരു രഹസ്യ ജീവിതം’ എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്.
ആറു കോളേജ് സുഹൃത്തുക്കൾ അവരുടെ പങ്കാളികൾക്കൊപ്പം ഒരു ഹിൽ സ്റ്റേഷനിലെ ഹോട്ടലിൽ ഒത്തുചേരുന്നു. അവിടേക്ക് പന്ത്രണ്ടാമനായി വന്നു ചേരുന്നയാളാണ് മോഹൻലാലിൻറെ കഥാപാത്രം. ഒരു മദ്യപാനിയായാണ് മോഹൻലാൽ വേഷമിടുന്നത്. പിന്നീട് അവിടെ നടക്കുന്ന ദുരൂഹ സംഭവങ്ങളാണ് ചിത്രമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, അനു സിത്താര, പ്രിയങ്ക നായർ, അനു മോഹൻ, രാഹുൽ മാധവ്, ലിയോണ ലിഷോയ്, ചന്ദുനാഥ്, അദിതി രവി തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ചിത്രം നേരിട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കെ ആർ കൃഷ്ണകുമാറിന്റെതാണ് തിരക്കഥ. സംഗീതസംവിധാനം അനിൽ ജോൺസനാണ്.
















