ലക്നോ: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് അറസ്റ്റിലായ പ്രതിയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഭിനവ് പ്രഖർ സിംഗ് എന്ന 21കാരനാണ് മരിച്ചത്. ഇയാള്‍ ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ്.
ജയിൽ വാർഡനാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൈപ്പ് ലൈനിൽ ടവൽ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.
സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് സിംഗിനെതിരായ പരാതി. മാർച്ച് ഇരുപത്തിനാലിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
















