കൊച്ചി: വിമാനത്തില്‍ വന്ന് കൊച്ചിയിലെ പൂട്ടിക്കിടന്ന വീടുകളില്‍ കവർച്ച നടത്തിയ ഉത്തരേന്ത്യൻ സംഘം പൊലീസ് പിടിയിൽ. ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വര്‍ണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതി.
കൊച്ചി നഗരത്തില്‍ നാലു വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളിലാണ് മോഷണം നടന്നത്. ഉത്തര്‍പ്രദേശ് സമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ ജെ.ജെ. കോളനിയില്‍ മിന്റു വിശ്വാസ് (47), ഹിജായപ്പുര്‍, സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്.
മൂന്നംഗ സംഘം 21-നാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത് . വന്നിറങ്ങിയ ദിവസംതന്നെ ഇവര്‍ കടവന്ത്ര ജവഹര്‍ നഗറിലുള്ള വീട്ടില്‍ കയറി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. അടുത്തദിവസം എളമക്കര കീര്‍ത്തിനഗറിലെ വീട്ടില്‍നിന്ന് മൂന്നുപവന്‍ സ്വര്‍ണവും 8,500 രൂപയും കവര്‍ന്നു. അടുത്ത മോഷണത്തിന് പദ്ധയിടുന്നതിനിടെയാണ് പോലീസ് ഇവരെ കുടുക്കിയത്.
പ്രതികള്‍ മോഷണം നടത്തിയത് നഗരത്തിലെ വിവിധ സ്റ്റേഷനുകളുടെ അധികാര പരിധിയില്‍പെട്ട വെറും 10 കിലോമീറ്റര്‍ ചുറ്റളവിലാണ്.
ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു കവര്‍ച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യമായി. തുടര്‍ന്ന്, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ കടവന്ത്ര, എളമക്കര, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
സി.സി.ടി.വി.യില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലെയും പോലീസുകാരെ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയായിരുന്നു. തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പര്‍ എന്നിവയും പരിശോധിച്ച് പ്രതികളാണെന്ന് ഉറപ്പിച്ചു. അടിയ്ക്കടി താമസസ്ഥലം മാറുന്നവരായിരുന്നു ഇവര്‍.
രണ്ടിടത്തെ മോഷണത്തിനുശേഷം പോലിസ് സംഘം കൊച്ചിയില്‍മുഴുവന്‍ പരിശോധന നടത്തുന്നതിനിടെ, എളമക്കര മണിമല ക്രോസ്‌റോഡിലെ വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടില്‍നിന്ന് 35,000 രൂപയും കവര്‍ന്നിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ പിടിയിലായത്. മോഷണ മുതലുമായി കേരളം വിടുന്നതിന് മുന്‍പാണ് പ്രതികള്‍ പൊലീസ് വലയിലായത്.
















