മലയാളി പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയ താരമാണ് നടി നവ്യ നായർ. ഇപ്പോൾ ‘ഒരുത്തീ’ എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. സമൂഹ മാധ്യങ്ങളിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രണയത്തെക്കുറിച്ച് മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. പ്രണയം പുഴപോലെയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. തിരിച്ചു ഒഴുകാൻ കഴിയില്ലെന്നും ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചായിരിക്കുമെന്നും താരം വ്യക്തമാക്കുന്നു.

”പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും. ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും. മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല. ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ”.എന്ന് താരം കുറിച്ചു.

















