ന്യൂഡൽഹി: കോവിഡ് വർധിക്കുന്ന ഡൽഹിയിൽ സൗജന്യ ബൂസ്റ്റർ ഡോസ്. 18 മുതൽ 59 വയസുവരെയുള്ളവർക്കാണ് ഡൽഹി സർക്കാർ സൗജന്യ വാക്സിൻ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഷീൽഡ്, കോവാക്സിൻ ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കിയിരുന്നത്.
അതേസമയം ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും 60 വയസിനു മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകിയിരുന്നു.
ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്നലെ 1009 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. ആക്ടീവ് കേസുകളിൽ 3 ശതമാനം ആളുകൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്.
കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
















