രാഷ്ട്രീയ ചർച്ചകളിൽ പുതിയ വഴിമാറലുകളുമായി മുന്നണികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവരുന്നു. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഔദ്യോഗികമായി ഒരു തീരുമാനവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി.
ഇന്ത്യ സഖ്യം ഇത്തരത്തിലുള്ള ഒരു ചർച്ചയോ തീരുമാനമോ നടത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പ്രധാനമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കുകയാണ് സഖ്യത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ഓർമ്മിപ്പിച്ചു.
ഒരുപക്ഷേ പ്രതിപക്ഷ നേതാവെന്ന നിലയിലാണ് രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്നതെങ്കിൽ, മല്ലികാർജുൻ ഖാർഗെയ്ക്കും അർഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

















