കൊടുങ്ങല്ലൂർ: മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കൊടുങ്ങല്ലൂർ ബൈപ്പാസിൽനിന്നുമാണ് ഒരു കിലോയോളം വരുന്ന ഹാഷിഷ് ഓയിലുമായി യുവാക്കൾ പോലീസ് പിടിയിലായത്.
കൊടുങ്ങല്ലൂർ പടാകുളം പുളിക്കൽ വീട്ടിൽ അരുൺ (27) കാരെപ്പറമ്പിൽ വീട്ടിൽ ആദർശ് (21)എന്നിവരാണ് പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബൈപ്പാസിൽ വാഹന പരിശോധനയ്ക്കിടെ നിറുത്താതെ പോകാൻ ശ്രമിച്ച ബൈക്കിന് കുറുകെ പൊലീസ് ജീപ്പിട്ട് തടഞ്ഞിട്ടും ഇവർ പൊലീസുകാരെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കുകയായിരുന്നു.
ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. പ്രതികളിൽ ഒരാളായ ആദർശ് എറണാകുളം കാക്കനാട് മുറിയെടുത്ത് താമസിച്ചു ആലപ്പുഴയിലെ കോളജിൽ ബിരുദ പഠനം നടത്തുകയാണ്. കോളജിലും താമസ സ്ഥലത്തും ഇയാൾ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തിവന്നിരുന്നതായും പൊലീസ് പറഞ്ഞു.